|
| |
|
|
|
|
| Home |
|
|
|
|
 |
മുഖപ്രസംഗം |
 |
മനഃസാക്ഷി ഉണരട്ടെ |
|
ഇന്ത്യയുടെ മനഃസാക്ഷിയെ ഞെട്ടിപ്പിച്ച ദല്‍ഹിയിലെ കൂട്ടബലാത്സംഗവും തുടര്‍ന്ന് തലസ്ഥാനത്തും മറ്റനേകം നഗരങ്ങളിലും നടന്ന പ്രക്ഷോഭസമരങ്ങളും നിരവധി പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നു. നമ്മുടെ കുറ്റാന്വേഷണ സംവിധാനത്തിന്റെ ന്യൂനതകളും പരിമിതികളും സര്‍വവിദിതമാണെങ്കിലും അവയ്‌ക്കു പരിഹാരം കാണാന്‍ സര്‍ക്കാരുകള്‍ അടിയന്തരസ്വഭാവമുള്ള നടപടികള്‍ എടുക്കാന്‍ ശ്രമിക്കുന്നില്ല. ക്രിമിനലുകള്‍ക്കു ധൈര്യം നല്‍കുന്നത് നിയമനടപടികള്‍ക്കു ചുമതലയുള്ള ഉദ്യോഗസ്ഥന്മാരുടെ താല്‌പര്യമില്ലായ്‌മതന്നെ. ബലാത്സംഗക്കേസുകളില്‍ ശിക്ഷയുടെ ശതമാനം രണ്ടോ മൂന്നോ മാത്രമാണെന്നറിയുമ്പോള്‍ ക്രിമിനലുകള്‍ക്കു കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള ധൈര്യം കൈവരുന്നു. കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകെട്ടുകളുടെ എണ്ണം പരിഗണിക്കുമ്പോള്‍ ഇത്തരം കേസുകള്‍ നീണ്ടുനീണ്ടു പോകാനുള്ള സാധ്യത വര്‍ധിക്കുന്നു. ആവശ്യത്തിനു കോടതികള്‍ ഇല്ല. നൂറുകണക്കിനു ന്യായാധിപന്മാരുടെ സ്ഥാനങ്ങള്‍ ഒഴിവുണ്ട്. ഗവണ്‍മെന്റ് അവ നികത്താന്‍ വലിയ തിടുക്കമൊന്നും കാണിക്കുന്നില്ല. നിര്‍ഭാഗ്യരായ കുറെ സ്‌ത്രീകള്‍ക്കു സംഭവിക്കുന്ന ദുരന്തം എന്നതില്‍ കവിഞ്ഞ പ്രാധാന്യം രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഇത്തരം സംഭവങ്ങള്‍ക്ക് നല്‍കാന്‍ മടിക്കുന്നു.
ദല്‍ഹിയിലെ ക്രൂരമായ ഈ കൂട്ടബലാത്സംഗം ചെയ്‌ത വ്യക്തികളുടെ മാനസികാവസ്ഥ സാധാരണക്കാര്‍ക്ക് വിഭാവനം ചെയ്യാന്‍ പോലും കഴിയുന്നില്ല. പൈശാചികമായ ആക്രമണത്തിനു ആ കുട്ടി വിധേയയായി എന്നാണ് റിപ്പോര്‍ട്ട്. സുഹൃത്തായ യുവാവിനെ കാപാലികരുടെ ആക്രമണത്തില്‍ നിന്നും രക്ഷിക്കാന്‍ അവള്‍ ശ്രമിച്ചത് അവരെ ക്രൂദ്ധരാക്കിയത്രേ. എന്നിട്ടാണ് ഒരു പറ്റം ചെന്നായ്‌ക്കള്‍ ഒരു മാന്‍പേടയെ കടിച്ചുകീറുന്നതു പോലെ പിച്ചിചീന്തിയത്. ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായ കേടുപറ്റിയിരുന്നതുകൊണ്ട് ഏറ്റവും നല്ല വൈദ്യസംരക്ഷണം ലഭിച്ചിട്ടും കുട്ടിയുടെ ജീവനു രക്ഷയില്ലാതായി.
തലസ്ഥാനത്തുണ്ടായ അഭൂതപൂര്‍വ്വമായ പ്രതിഷേധം നമ്മുടെ രാഷ്‌ട്രീയവര്‍ഗത്തിന്റെ കാപട്യവും ഭീരുത്വവും ഒന്നുകൂടി വെളിപ്പെടുത്തുന്നതായിരുന്നു. പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളും യുവജനങ്ങളും പങ്കെടുത്ത ജനക്കൂട്ടത്തെ അഭിമുഖീകരിക്കാന്‍ രാഷ്‌ട്രീയ നേതൃത്വം മുന്നോട്ടുവന്നില്ല. പതിനായിരക്കണക്കിനു പോലീസുകാരുടെ സുരക്ഷാവലയത്തിനുള്ളില്‍ ഭീരുക്കളെപ്പോലെ ഒതുങ്ങിക്കൂടാനായിരുന്നു അവരുടെ തീരുമാനം. വിദ്യാര്‍ത്ഥികള്‍ മുന്‍കൈയെടുത്തു നടത്തിയ പ്രതിഷേധസമരത്തോടു ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ സംഘടിതനേതൃത്വങ്ങള്‍ തയാറായില്ല. വൃന്ദാകാരാട്ടിനെ പോലെ ചുരുക്കം ചില നേതാക്കള്‍ മാത്രം അതിനു തയാറായി. സര്‍ക്കാര്‍ പ്രതിനിധികള്‍ പൊള്ളയായ വാഗ്‌ദാനങ്ങള്‍ നല്‍കി. സിംഗപ്പൂരില്‍ വച്ചു കുട്ടി മരിച്ചപ്പോള്‍ ജനരോഷത്തെ ഭയന്നു ശവസംസ്‌കാരം രഹസ്യമായി നടത്തി. ജനങ്ങള്‍ക്കും അധികാരികള്‍ക്കും തമ്മിലുള്ള വിടവ് എത്ര വലുതാണെന്ന് ഒന്നുകൂടി സ്‌പഷ്‌ടമായി.
ബലാത്സംഗം പോലെയുള്ള കുറ്റകൃത്യങ്ങള്‍ കുറയ്‌ക്കാന്‍ വധശിക്ഷ ഫലപ്രദമാകുമോ എന്ന കാര്യം കോടതി നിശ്ചയിക്കട്ടെ. കുറ്റകൃത്യം നടന്നു രണ്ടു മാസത്തിനകം ശിക്ഷവിധിക്കുന്നത് പതിവായാല്‍ അതു തീര്‍ച്ചയായും കുറേപ്പേരെയെങ്കിലും കുറ്റം ചെയ്യുന്നതില്‍ നിന്നു തടയും. ഇത് സ്‌ത്രീകള്‍ക്കെതിരായ ഒറ്റപ്പെട്ട കുറ്റമാണെന്നു കരുതുന്നതിനുപകരം അമ്പതു ശതമാനത്തിലധികം വരുന്ന സ്‌ത്രീസമൂഹത്തിനോടു ചെയ്യുന്ന കൊടുംപാതകമാണെന്ന അവബോധം ഉണ്ടാക്കിയെടുക്കേണ്ടിയിരിക്കുന്നു. വീട്ടിലും ഓഫീസിലും പൊതുസ്ഥലങ്ങളിലും സ്‌ത്രീകള്‍ക്ക് സുരക്ഷാബോധം ഇല്ലെന്നു വരുന്നതു സമൂഹത്തിന്റെ ജീര്‍ണതയുടെ ലക്ഷണം തന്നെ. ഒരു വശത്തു അമ്മദൈവങ്ങളെ ആരാധിക്കുകയും മറുവശത്തു സ്‌ത്രീകളെ ദ്രോഹിക്കുകയും ചെയ്യുന്ന മനോഭാവത്തിലെ കാപട്യവും ക്രൂരതയും നിരുത്സാഹപ്പെടുത്തുന്ന വിധത്തില്‍ വിദ്യാഭ്യാസ - സാംസ്‌കാരിക സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ബാല്യം മുതല്‌ക്കുതന്നെ പെണ്‍കുട്ടികളോടു വിവേചനം കാണിക്കുന്ന സംസ്‌കാരം അവള്‍ വളരുമ്പോള്‍ തങ്ങളുടെ ഐന്ദ്രിയ സുഖത്തിനുവേണ്ടിയുള്ള ഉപകരണം മാത്രമാണെന്ന പാപബുദ്ധിയായി മാറുന്നു. അവരില്‍ അരക്ഷിതബോധത്തിന്റെ വിത്തു പാകുന്നത് അവരുടെ ബൗദ്‌ധികവും സര്‍ഗ്ഗാത്മകവുമായ കഴിവുകള്‍ എല്ലാം സമൂഹത്തിനുവേണ്ടി സമര്‍പ്പിക്കുന്നതില്‍ നിന്നും അവരെ പിന്‍തിരിപ്പിക്കുന്നു. ദല്‍ഹിയിലെ കൂട്ടബലാത്സംഗത്തിനെതിരെ ആയിരക്കണക്കിനു യുവാക്കള്‍ പ്രതിഷേധമുയര്‍ത്തിയത് ഭാവിയെക്കുറിച്ചു ശുഭപ്രതീക്ഷ പുലര്‍ത്താന്‍ നമുക്ക് പ്രേരണനല്‍കുന്നു; നമ്മുടെ രാഷ്‌ട്രീയവര്‍ഗം കാണിച്ച ഭീരുത്വവും പിടിപ്പുകേടും നമ്മെ ലജ്ജിപ്പിക്കുന്നുണ്ടെങ്കിലും.
|
|
|
|